ചരിത്രം കലാഭവനും ആബേൽ അച്ഛനും

കലാഭവനും മിമിക്സും പിന്നെ ആബെലച്ചനും .....
-----------------------------------------------------------------

എണ്‍പതുകളുടെ തുടക്കകാലം ..മിമ്ക്സ് പരേഡ് എന്ന കലാരൂപം കേരളത്തില്‍ ഒരു തരംഗമായികൊണ്ടിരിക്കുന്ന സമയമാണ് ...അതുവരെ ഗാനമേളകളുടെ ഇടവേളകളില്‍ ചെറിയ കോമഡി സ്കിറ്റുകളുടെ രൂപത്തില്‍ ദൈര്‍ഘ്യം കുറച്ച് അവതരിപ്പിച്ചിരുന്ന  ഈ പരിപാടി ഒരു മുഴു നീള സ്റെജ് ഷോ എന്ന രൂപത്തിലേക്ക് പരുവപ്പെടുത്തിയത് കൊച്ചിന്‍ കലാഭവന്‍ ആയിരുന്നു ..ഒരിക്കല്‍ കാലടി ശ്രീ ശങ്കരാചാര്യ കോളേജിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു കലാഭവന്റെ ഗാനമേളയും മിമിക്സും ബുക്ക് ചെയ്യപ്പെട്ടു ...ഉച്ച തിരിഞ്ഞാണ് പരിപാടിയുടെ സമയം... .. അന്‍സാര്‍ ,സിദ്ദീഖ് ,ലാല്‍, കെ  എസ് പ്രസാദ്‌  വക്കച്ചന്‍ പേട്ട,സൈനുദ്ദീന്‍  തുടങ്ങി  ആറെഴു പ്രൊഫഷ ണല്‍ കലാകാരന്മാരടങ്ങിയ ട്രൂപ്പ്   ഉച്ചയോടെ കോളേജില്‍ എത്തി ..അല്‍പ്പം സമയം കഴിഞ്ഞു കോളേജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറി പറഞ്ഞാണ് വിവരം അറിഞ്ഞത് ...കോളേജിലെ ഒരു വിദ്യാര്‍ഥി തന്റെ കുറച്ചു സുഹൃത്തുക്കളുമായി  ചേര്‍ന്ന്  നിങ്ങളുടെ പരിപാടിക്ക് മുന്‍പേ   മിമിക്രിയും സ്കിറ്റുകളുമായി പൊടി പൊടിക്കുകയാണ് ...സദസ്സ് ചിരിച്ചു മറിയുന്നു ...

മിമിക്സിന്റെ ഏറ്റവും വലിയ രസച്ചരട് എന്ന് പറയുന്നത് തന്നെ അപ്രതീക്ഷിത ഹാസ്യം എന്ന ചേരുവ ആണ് ...ട്രൂപ്പിന്റെ കലാകാരന്മാര്‍ ആകെ പരുങ്ങലിലായി ..എന്നാല്‍ മിമിക്രി, ശബ്ദാനുകരണം എന്നേ രൂപങ്ങള്‍ക്കൊന്നും   അവകാശ വാദം ഉന്നയിക്കാന്‍  കഴിയാത്തതിനാല്‍ അവരും മൌനം പാലിച്ചു ...പക്ഷെ സമയം കടന്നതോടെ  തങ്ങളുടെ മാത്രമായ  ചില മാസ്റ്റര്‍ പീസ് നമ്പറുകള്‍ വരെ പയ്യന്‍ സ്റെജില്‍ അവതരിക്കാന്‍ തുടങ്ങിയതോടെ   കൂടുതല്‍ മുഴുമിപ്പിക്കാന്‍ അവര്‍ അവസരം നല്‍കിയില്ല  ...ഭാരവാഹികളെ കൊണ്ട് അവര്‍ പരിപാടി തടസപ്പെടുത്തി കര്‍ട്ടന്‍ ഇടുവിച്ചു ...ആവര്‍ത്തന വിരസതയായിരുന്നിരിക്കാം  മറ്റെവിടെയും പോലെയുള്ള സ്വീകാര്യത അന്നത്തെ പരിപാടിക്ക് കലാഭവന്റെ മിമിക്സിനു  ലഭിച്ചില്ല ...അല്‍പ്പം നിരാശയും രോഷവും പൂണ്ട അവര്‍ പിറ്റേന്നു തന്നെ ട്രൂപ്പ് ഭാരവാഹികളുമായി ആലോചിച്ചു  പയ്യനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പോലും ആലോചന നടത്തി ...അപ്പോഴായിരുന്നു  ട്രൂപ്പിന്‍റെ നേതൃ സ്ഥാനം വഹിക്കുന്ന  സി എം ഐ സഭാ വൈദീകന്‍ ഫാ .ആബേല്‍ ഒരഭിപ്രായം പറഞ്ഞത്   ...''കേവലം നിങ്ങള്‍ ആറേഴു പേര്‍  പരിശ്രമിച്ചു  ചെയ്യുന്ന ഈ പരിപാടികളൊക്കെ ഒരു പയ്യന്‍ നിരീക്ഷിച്ചു  കണ്ടു പഠിച്ചു ചെയ്തെങ്കില്‍ തീര്‍ച്ചയായും അയാള്‍ ഒരു കഴിവുള്ള വ്യക്തി തന്നെയാണ് ...അയാളെ നിങ്ങള്‍ ഈ ട്രൂപിലെക്ക് കൊണ്ട് വരുകയാണ് ചെയ്യേണ്ടത് ....''

ആബേലച്ചന്‍  എന്ന വൈദീകന്റെ ദീര്‍ഘ വീക്ഷണം അത്രത്തോളമായിരുന്നു ..ഭാവിയില്‍ മലയാള സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച   ജയറാമായിരുന്നു അന്നത്തെ ആ കോളേജ് വിദ്യാര്‍ഥി ...!!!

മലയാളിക്ക് ചിരിയുടെ ഉത്സവം സമ്മാനിച്ച, ഗൌരവക്കാരനായ ഫാ ആബേല്‍ ചുക്കാന്‍ പിടിച്ച,   ആ കലാകേന്ദ്രം  കുതിച്ചു കയറിയത് ജന മനസ്സുകളിലെക്കായിരുന്നു  ..

ആബേലച്ഛന്‍ ഓര്‍മ്മയായിട്ട് പതിനേഴു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു .....

1920 ജനുവരി  20 നു  എറണാകുളം ജില്ലയിലെ    മുളം കുളം ഗ്രാമത്തില്‍  എന്ന ആയുര്‍വേദ ചികിത്സകനായ മാത്തന്‍ വൈദ്യന്റെയും കുഞ്ഞേലിയുടെയും അഞ്ചാമത്തെ പുത്രന്‍ മാത്യു എന്ന ആബേല്‍  ഇരുപതാമത്തെ വയസ്സില്‍ സി എം ഐ സഭയില്‍ വൈദീക പഠനത്തിനു ചേര്‍ന്നു ..തുടര്‍ന്ന് ഉപരിപഠനത്തിന്റെ ഭാഗമായി റോമില്‍ നിന്നും ജെര്‍ണ്ണലിസം ആന്‍റ് പൊളിറ്റിക്കല്‍ സയന്‍സില്‍  ബിരുദം നേടിയ ശേഷം കോട്ടയത്തെ അതി പുരാതന പത്രമെന്ന അവകാശപ്പെടുന്ന ദീപികയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു ...ചെറുപ്പകാലമുതല്‍ക്കേ സാഹിത്യാഭിരുചികള്‍ നന്നേ ഉണ്ടായിരുന്ന അദ്ദേഹം ചങ്ങമ്പുഴയുടെയും കുമാരനാശാന്റെയും കവിതകളോടു തികഞ്ഞ  ആരാധനയായിരുന്നു ....1957-61  കാലയളവില്‍ ദീപികയുടെ പത്രാധിപര്‍ എന്ന നിലയില്‍ ചില പ്രസിദ്ധീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു ..അതില്‍ കുട്ടികളുടെ കൂട്ടായ്മയെ ഉന്നം വെച്ച് 'ദീപിക ചില്‍ഡ്രന്‍സ് ലീഗ് 'എന്നൊരു ക്ലബിന് തുടക്കം കുറിച്ചു ...ശേഷം   ' കുട്ടികളുടെ ദീപിക 'എന്ന പ്രസിദ്ധീകരണം കൂടി ആരംഭിച്ചു ...

1974 ല്‍  അന്നത്തെ  കര്‍ദ്ദിനാള്‍ പാറെക്കാട്ടില്‍ അനുവദിച്ചു കൊടുത്ത പതിനൊന്നു സെന്ററില്‍ ആബേലച്ചന്റെ മേല്‍നോട്ടത്തില്‍ ,കലാഭവന്‍ സ്വന്തമായി കെട്ടിടം  പണിതുയര്‍ത്തി ...ശേഷം  
മലയാള സിനിമയിലേക്കുള്ള 'എന്ട്രി ടിക്കറ്റായി' ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്നത് ചരിത്രം .......

സംഗീതത്തെ നേരിട്ട് ആസ്വദിക്കാനുള്ള പൊതു ജനങ്ങള്‍ക്കുള്ള വേദി ഗാന മേളകള്‍ എന്ന രീതിയില്‍ പ്രസിദ്ധിയര്‍ജ്ജിച്ച സമയം ഒരു പരീക്ഷണം എന്ന രീതിയിലാണ്‌ കലാഭവനിലും തുടക്കമിടുന്നത്  ...

മുന്പ്  സഭയുടെ നിര്‍ദ്ദേശമനുസരിച്ച് സുറിയാനി ഭാഷയിലെ പല പ്രാര്‍ത്ഥനകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ജോലി ആബേലച്ചന്‍ നിര്‍വ്വഹിച്ചിരുന്നു.. കൂട്ടത്തില്‍  ചില ക്രിസ്ത്യന്‍ ഗാന രചനകളും ....!  ഗാനങ്ങള്‍ക്ക്  സംഗീതം നിര്‍വഹിക്കാന്‍ കെ കെ ആന്റണി എന്ന ആന്റണി മാസ്റ്ററും ഒത്തു ചേര്‍ന്നു  ...1968  കാലത്ത് കൊച്ചിയിലെ തിരക്കേറിയ ബ്രോഡ് വെയില്‍ ഒരു ചെറിയ റൂമില്‍ മൂന്ന് ഹാര്‍മോണിയവും കുറച്ചു വിദ്യാര്ത്ഥികളുമായി ചേര്‍ന്ന് ഒരു കലാകേന്ദ്രത്തിന്റെ ബീജാവാപത്തിനു അദ്ദേഹം ശ്രേമം  നടത്തുന്നത് .

...ആദ്യ കാലത്ത് ക്രിസ്ത്യന്‍ ആര്‍ട്ട്സ് ക്ലബ് എന്നായിരുന്നു പേര് ..പിന്നീട്  ഫാ ആബേല്‍ പുതിയ സ്ഥാപനത്തിന്  'കലാഭവന്‍ ' എന്ന നാമം  നല്‍കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചായിരുന്നു ....

അദ്ദേഹവും ആന്റണി മാസ്റ്ററും ചേര്‍ന്നൊരുക്കിയ ക്രിസ്ത്യന്‍ ഭക്തിഗാന കാസറ്റുകള്‍ ആദ്യം കലാഭവന്‍ പുറത്തിറക്കി  ....തുടര്‍ന്ന് ഗാനമേളകളിലേക്കും ,മിമിക്സ് പരേഡിലേക്കും ചുവടു മാറുന്നതോടെ കലാഭവന്റെ ഖ്യാതി കുതിച്ചുയര്‍ന്നു  .....

,ബേബി സുജാത, ജയ ചന്ദ്രന്‍ തുടങ്ങിയവരൊക്കെ ആദ്യ കാലങ്ങളില്‍ ട്രൂപ്പില്‍ സജീവമായിരുന്നു ..... ക്രിസ്ത്യന്‍ ഗാനമേളകളുടെ  ..ഇടവേളകളില്‍  തങ്ങളുടെ കലാകാരന്മാരുടെ ചെറിയ മിമിക്രിയും അച്ഛന്‍ സജ്ജീകരിച്ചു ...ഈ പരീക്ഷണം വന്‍ വിജയമായതോടെയാണ്  ഈ കലാകാരന്മാരെ ഏകോപിപിച്ചു  മിമിക്സ് പരേഡ് എന്ന പ്രോഗ്രാമിലേക്ക് കടക്കുന്നത് ...ഉത്സവ പറമ്പുകളിലും പെരുന്നാള്‍ ദിനങ്ങളിലുമൊക്കെ കലാഭവന്റെ ബാനര്‍ പതിച്ച ടെമ്പോ വാഹനങ്ങള്‍ പിന്നെ  സ്ഥിരം കാഴ്ചയായി ....എറണാകുളത്തും പരിസര പ്രദേശത്തുമൊക്കെ ഹിറ്റായി അവതരിപ്പിച്ച ഈ മിമിക്സ് പരിപാടി അനുകരിച്ചു നൂറു കണക്കിന് ട്രൂപ്പുകളാണ് മുളച്ചു പൊന്തിയത് ..പക്ഷെ ഒന്നിനും കലഭവനോളം പേരെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യം .

ജാതിയോ മതമോ  മറ്റു വേര്‍തിരിവുകളോ ഇല്ലാതെ യഥാര്‍ത്ഥ കലാകാരന്മാരെ തിരഞ്ഞെടുക്കാന്‍ എക്കാലവും നിലകൊണ്ടിരുന്നു   കലാഭവനും ഫാദര്‍ ആബേലും .. ആബേലച്ചന്‍ രചന നിര്‍വഹിച്ച 'ഈശ്വരനെ തേടി ഞാന്‍ അലഞ്ഞു എന്നൊരു ഗാനമുണ്ട് ....അതൊരിക്കലും ഒരു ക്രിസ്തീയ ഭക്തിഗാനമായിരുന്നില്ല .....ഈ ഗാനത്തിന്റെ പേരില്‍ ഒരു ഘട്ടത്തില്‍ സഭ അച്ഛനെതിരെ നടപടി എടുക്കാന്‍ വരെ ആലോചിച്ചിരുന്നു ....ഈ ഗാനം മതേതരമായി എന്ന കാരണമായിരുന്നു സഭയുടെ കണ്ടെത്തല്‍ ..എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു സഭയ്ക്ക് പിന്മാറേണ്ടി വന്നതും  ചരിത്രം .....

വിദ്യാര്‍ത്ഥികളുടെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാന്‍  സംഗീത പഠനവും  ,ഉപകരണ പഠന  ക്ലാസുകളും   മികച്ച കലാകാരന്മാരുടെ നേതൃത്തത്തില്‍  തുടക്കമിട്ടു ......കാക്കനാടിനടുത്ത് ഇടച്ചിറയില്‍ പ്രവര്‍ത്തനമാരംഭിച്ച ടാലന്റ്  റസിഡന്‍ഷ്യല്‍   സ്കൂളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു പോലും മലയാളി വിദ്യാര്‍ഥികള്‍ എത്തി ...

...ആദ്യകാലത്തെ മിമിക്രി സംഘത്തിന്റെ പാത പിന്തുടര്‍ന്നു നിരവധി കലാകാരന്മാര്‍ പിന്നീട് ട്രൂപ്പിലെത്തി പിന്നീട് സിനിമയിലേക്കും  ...പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ക്കാന്‍ ചെറുപ്പക്കാര്‍ കൊതിക്കുന്ന ഒരു സമയം പോലും ഉണ്ടായിരുന്നു ..കേരളത്തിന്‌ പുറത്തും ,വിദേശ രാജ്യങ്ങളിലും കലാഭവന്റെ പ്രശസ്തിയേറി  ...

.സംവിധായകരായ സിദ്ദീക്ക് -ലാല്‍, ജയറാം   മുതല്‍ ദിലീപ് ,സലിം കുമാര്‍ , മലയാളിയുടെ മനസ്സ് കവര്‍ന്നു നമ്മെ എല്ലാം വിട്ടുപിരിഞ്ഞു പോയ സ്വന്തം    കലാഭവന്‍ മണിയും സൈനുദ്ദീനും, എന്‍ എഫ് വര്‍ഗീസും  ഉള്‍പ്പടെ    മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കലാഭവന്‍ 'പ്രൊഡക്ടുകളെ' ജനങ്ങള്‍ നെഞ്ചിലേറ്റി......

2001 ഒക്ടോബര്‍  27 ന് ഫാദര്‍ ആബേല്‍ വിടപറയുമ്പോള്‍ രാജ്യാന്തര നിലവാരത്തിലുള്ള ഒരു സ്റ്റുഡിയോയും പരീശീലനകെന്ദ്രവും എന്ന സ്വപ്നം ബാക്കിയാക്കികൊണ്ടായിരുന്നു ...എങ്കിലും  ഇന്നും  കേരളക്കരയാകെ അങ്ങോള മിങ്ങോളം അലയടിക്കുന്ന മിമിക്സ് പരേഡ്  എന്ന ആശയം നമ്മുടെ കലാ പാരമ്പര്യത്തിനു സമ്മാനിക്കാന്‍ കാരണ ഹേതുവായി എന്ന ആത്മ സംതൃപ്തിയോടെ ആവണം ......

'' കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഈ മലകയറ്റം ആരംഭിക്കുന്നത് 1965 കളിലാണ് ...അന്ന് ഒരു കണക്കുകൂട്ടലുകളും എനിക്ക് ഉണ്ടായിരുന്നില്ല ..ഇനി എത്ര ദൂരം പോകണമെന്നോ ...എത്ര ദൂരം പിന്നിട്ടുവെന്നോ ..ഒന്നും അറിയില്ലായിരുന്നു ...!ദൈവം കാണിച്ച വഴിയില്‍ മുന്നോട്ട് പോയി ..പ്രതിബന്ധങ്ങള്‍ ഒട്ടനവധി ഉണ്ടായിരുന്നു .. ചിലയിത്തു നിന്നും ആഹ്ലാദത്തില്‍ മുങ്ങിയ  ഹര്‍ഷാരവങ്ങള്‍ കേട്ടു ,..മറ്റു ചിലയിടത്ത് നിന്ന് വിദ്വേഷ ഭാവത്തില്‍ കല്ലുകള്‍ നേര്‍ക്ക് വന്നു  ..കയ്യടി കേട്ട് ഞാന്‍ മയങ്ങി നിന്നില്ല  ...കല്ലുകള്‍ ഒന്നും ഞാന്‍ തിരിച്ചെറിഞ്ഞില്ല ... പകരം ആ കല്ലുകള്‍ എല്ലാം  പെറുക്കി കൂട്ടി വെച്ച് ഞാന്‍ കലാഭവന്‍ പണിതു ''....ആബേലച്ചന്റെ വാക്കുകളാണ് .......!

കടപ്പാട്:Unknown

Comments

Popular posts from this blog

ക്രിസ്‍മസിന്റെ തുടക്കം - ചില മിത്തുകളും